News 20 Oct
മെഗാ മെഡിക്കൽ ക്യാമ്പ്‌ - പാറക്കടവ് സേവാകേന്ദ്രം

സേവാഭാരതിയുടെ കേരളത്തിലെ തന്നെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന പാറക്കടവ് സേവാകേന്ദ്രത്തിൽ ഇടപ്പിള്ളി അമൃത ആശുപത്രിയുടെ സഹകരണത്തോടെ ആദ്യമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ശബരിമല ആലങ്ങാട്ടുയോഗം സെക്രട്ടറി ശ്രീ.രാജേഷ് കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി അങ്കമാലി പാലിയേറ്റീവ് കെയർ വിഭാഗം ചുമതല വഹിക്കുന്ന ടി എൻ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അമൃത ഹോസ്പിറ്റലിലെ കണ്ണ്, പല്ല്‌ രോഗവിഭാഗങ്ങളിലുള്ള പത്തോളം ഡോക്ടർമാരും എറണാകുളം ലക്ഷ്മി ആശുപത്രിയിലെ അസ്ഥി വിഭാഗം ഡോക്ടറുടെയും നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി നടന്നു. ഈ വിഭാഗങ്ങളിലായി 261പേർ (138, 88, 35) ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കണ്ണ്, പല്ല് വിഭാഗങ്ങളിലുള്ളവർക്ക് യാത്ര, ഭക്ഷണ ചിലവ് ഉൾപ്പെടെയുള്ള സൗജന്യ ചികിത്സ നൽകുന്നതിന് അമൃത ആശുപത്രി അധികൃതർ നിശ്ചിത തിയതി നൽകുകയും ചെയ്തിട്ടുണ്ട്.സമയം കഴിഞ്ഞും രെജിസ്ട്രേഷൻ കൗണ്ടറിലുണ്ടായിരുന്ന തിരക്ക് (പ്രത്യകിച്ചും അസ്ഥിരോഗ വിഭാഗത്തിൽ) ജനപങ്കാളിത്തത്തിന്റെയും ക്യാമ്പിന്റെ അവശ്യകതയുടെയും തെളിവായിരുന്നു. സേവാഭാരതി അങ്കമാലി ജനറൽ സെക്രട്ടറി സി.ആർ സുധാകരൻ,ടി എൻ രാജേന്ദ്രൻ സാർ, വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശ്ശേരി, സെക്രട്ടറി സുരേഷ്, പാറക്കടവ് സ്ഥാനീയ സമിതി ഭാരവാഹികളായ സി എൻ ശശിധരൻ, സത്യൻ, ഷാജി പാറക്കടവ് എന്നിവരോടൊപ്പം മുഴുവൻ സ്ഥാനീയസമിതി പ്രവർത്തകരും, പാലിയേറ്റീവ് ടീം അംഗങ്ങളും വിവിധ സജ്ജീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 1.30ന് ക്യാമ്പ് വിജയകരമായി സമാപിച്ചു.