News 15 Aug
സ്വാതന്ത്ര്യ ദിനാഘോഷം

രാഷ്ട്രത്തിന്റെ 77-മത് സ്വാതന്ത്ര്യദിനം സുകർമ്മ വികാസകേന്ദ്രത്തിൽ സമുചിതമായി ആഘോഷിച്ചു. ബ്രിഗേഡിയർ ലളിതാകുമാരി രാവിലെ 9 ന് പതാക ഉയർത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ദുർഘട പരിതഃസ്ഥിതികളെ അതിജീവിച്ചുകൊണ്ട് സേവനം ചെയുന്ന ധീര ജവാന്മാരെ അവർ അനുസ്മരിച്ചു. തുടർന്ന് നടന്ന സമാദരണച്ചടങ്ങിൽ വിശിഷ്ട രാഷ്ട്രസേവനം നടത്തിയ 25 സൈനികരെ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് മേജർ (റിട്ട.) ഡോ. ജ്യോതിഷ് ആർ. നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുകർമ്മ വികാസകേന്ദ്രം ജോ. സെക്രട്ടറി ശ്രീ. എ .ടി. സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സംയോജകൻ ശ്രീ. പി . സുനിൽകുമാർ അവർകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യം 1947 നേടിയത് ബ്രിട്ടീഷുകാരിൽ നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും, അതോടൊപ്പം രാജ്യത്തെ വിഭജനം നടത്തിയപ്പോളുണ്ടായ അനേകലക്ഷം പേരുടെ ജീവഹാനിയും നാശനഷ്ടങ്ങളും അഖണ്ഡ ഭാരതാംബയെ പൂജിക്കുന്ന ആർക്കും മറക്കാവുന്നതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവരുടെയും ഒറ്റക്കെട്ടായ ശ്രമത്തിലൂടെയും മികച്ച നേതൃത്വത്തിലൂടെയും നമ്മുടെ രാജ്യം ഈ അമൃതകാലത്ത് വികസനത്തിലും സാമ്പത്തികമായും മുന്നേറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സുകർമ്മ വികാസകേന്ദ്രം ചെയർമാൻ ഡോ. എം.എൻ.വെങ്കിടേശ്വരൻ, സെക്രട്ടറി കെ.വി.സഞ്ജീവ്, സേവാഭാരതി അങ്കമാലി ഭരണ സമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, സമീപവാസികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങി നിരവധി പേർ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും മധുരവും പായസവും വിതരണം ചെയ്തു.