News 21 May
ഭൂമി സമർപ്പണം

"മാനവസേവ മാധവസേവ" എന്ന ആപ്തവാക്യത്തെ അടിസ്ഥാന തത്വമായി ഉൾക്കൊണ്ടുകൊണ്ട് അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും പാലിയേറ്റീവ്കെയർ, കൗണ്സലിംഗ്, മെഡിക്കൽ ക്യാമ്പുകൾ, രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, ചികിത്സാസഹായങ്ങൾ, വിവാഹ ധനസേവനം, വീട്‌ പുനർനിർമ്മാണം, പഠന സഹായം, പ്രളയമുഖത്തെ രക്ഷാപ്രവർത്തനം, പ്രളയാനന്തര ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവർത്തനം, കോവിഡ് പ്രതിരോധ-സേവാ പ്രവർത്തനങ്ങൾ തുടങ്ങി സമൂഹത്തിലെ നിരാലംബർക്കു വേണ്ടി അഹോരാത്രം സന്നദ്ധ പ്രവർത്തനം നടത്തുന്ന സേവാഭാരതി അങ്കമാലിയുടെ പ്രവർത്തകർക്ക് ഇന്നൊരു വിശേഷ ദിവസമാണ്. സേവാഭാരതി അങ്കമാലിയുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള ആദരവെന്നോണം 2018 സെപ്റ്റംബർ 30ന് പാറക്കടവ് കുന്നപ്പിള്ളി മനയിലെ സുമനസ്സായ ലീല അന്തർജ്ജനം തന്റെ 71 സെന്റ് സ്ഥലം സേവാഭാരതി അങ്കമാലിക്ക് സമർപ്പിച്ചു. ബുദ്ധിവികാസം കുറവുള്ള കുട്ടികൾക്കായി പൂർണസജ്ജീകരണങ്ങളോട് കൂടിയ ഒരു പഠന-താമസ കേന്ദ്രത്തിന്റെ (സുകർമ്മ വികാസ് കേന്ദ്രം) നിർമ്മാണം ആ പുണ്യ ഭൂമിയിൽ പുരോഗമിക്കുന്നു. കോവിഡ് മഹാമാരി കാരണം സംജാതമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് സുകർമ്മ വികാസ് കേന്ദ്രം ഈ വർഷം തന്നെ പ്രവർത്തന സജ്ജമാക്കാനുള്ള പ്രയത്നത്തിലാണ് സേവാഭാരതി അങ്കമാലി പ്രവർത്തകർ. ജനമനസ്സുകളിലാണ് സേവാഭാരതി എന്ന്‌ ഊട്ടിയുറപ്പിക്കുംവണ്ണം കുറുമശ്ശേരി രാമച്ഛായ വീട്ടിൽ മോഹനചന്ദ്രനും വ ന്ദ്യ മാതാവ് ശ്രീമതി സരോജനി അമ്മയും 24.5 സെൻ്റ് സ്ഥലവും വീടും 2020 മെയ് 21ന് സേവാഭാരതി അങ്കമാലിക്ക് സമർപ്പിച്ചു. ആർഹതപ്പെട്ടവർക്കായി സമയോജിതമായും നിസ്വാർത്ഥമായും ചെയ്യുന്ന സേവനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുറുമശ്ശേരി വൃന്ദാവനം വീട്ടിൽ പി.എൽ. വിലാസിനി ടീച്ചർ തന്റെ 16.8 സെൻ്റ് സ്ഥലവും വീടും ഇന്ന് 2020 ജൂലൈ 9ന് സേവാഭാരതി അങ്കമാലിക്ക് സമർപ്പിച്ചു. സേവാഭാരതിക്കുള്ള അനുഗ്രഹങ്ങളാണ് ഈ സമർപ്പണങ്ങളെല്ലാം. സേവാഭാരതി അങ്കമാലിയുടെ കൈകൾക്ക് കരുത്തേകി എന്നും കൂടെ നിൽക്കുന്ന എല്ലാ സുമനസ്സുകൾക്കും ഈ മഹനീയ വേളയിൽ ഒരിക്കൽ കൂടി സ്നേഹാദരങ്ങൾ അർപ്പിക്കുന്നു