News 15 Jan
‘സ്വർണനൂൽ’ സാമൂഹ്യ പദ്ധതി ഉദ്ഘാടനം

തയ്യൽ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളെ സംരംഭകരായി ഉയർത്തി, അതുവഴി സ്ത്രീശാക്തീകരണം ലക്‌ഷ്യംവയ്ക്കുന്ന ‘സ്വർണനൂൽ’ സാമൂഹ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലാകമാനം ഗ്രാമപ്രദേശങ്ങളിൽ തയ്യൽ മേഖലയിൽ സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളെ ലക്‌ഷ്യം വച്ചുള്ളതാണ് പദ്ധതി. സ്വയം തൊഴിലിൽ നിന്നും സംരംഭക എന്ന നിലയിലേക്ക് ഉയരുന്നതിന് ആവശ്യമായ തയ്യൽ മെഷീൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും, പരിശീലനങ്ങളും പദ്ധതി പ്രകാരം സൗജന്യമായി നൽകും. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെക്കികളുടെ സംഘടനയായ ഐ ടി മിലൻ സേവാ ഫൗണ്ടേഷൻ ആണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചി ഐ ടി മിലനിലെ സ്ത്രീകളുടെ കൂട്ടായ്മ ,പ്രളയദുരന്തത്തിൽ സാധന സാമഗ്രികൾ മുഴുവനും നശിച്ച പോയതുമായ ‘ന്യൂ ഭാരത്ടൈലറിംഗ് സെന്ററിന്’ ആവശ്യമായ തയ്യൽ മെഷീനുകളും, തയ്യൽ സാമഗ്രികളും വിതരണം ചെയ്തു. പാറേക്കടവ് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ.അർച്ചന ആർ അദ്ധ്യക്ഷത വഹിച്ചു. ചില്ലർപേയ്‌മെന്റ് സൊല്യൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും,സംരംഭകയുമായ ശ്രീരേഖ രവീന്ദ്രനാഥൻ പദ്ധതിയുടെ ഉദ്ഘാടനവും തയ്യൽസാമഗ്രികളുടെ വിതരണവും നിർവഹിച്ചു. സേവാഭാരതി അങ്കമാലി വിഭാഗം വൈസ് പ്രസിഡന്റ് പ്രൊഫസ്സർ രാജശ്രീ നാരായൺ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതിക്ക് ഉപഭോക്താവിനെ കണ്ടെത്തിയത് സേവാഭാരതി, അങ്കമാലി മുഖേനയാണ്. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സമൂഹത്തിലെ അവശതയനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടി നടത്തുന്ന സ്വർണനൂൽ പദ്ധതി, സ്ത്രീകൾ മാത്രം പങ്കെടുക്കുകയും കാര്യക്രമങ്ങൾ നിയന്ത്രിക്കുകയും ചെയ്ത ഉദ്‌ഘാടന വേദികൊണ്ടും ശ്രദ്ധേയമായി.